പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പെടുന്ന പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നിളയുടെ തീരത്തുള്ള ശാന്തസുന്ദരമായ ഒരു കൊച്ചുഗ്രാമമാണ് തിരുമിറ്റക്കോട് ദേശം. വയലുകളും ചെറുകുന്നുകളും നിറഞ്ഞ ഈ ദേശം മാമുനിമാർ പർണ്ണശാലകൾ കെട്ടി വസിച്ചു വന്നിരുന്ന ഒരു ഇടമായിരുന്നു. ഇവിടെ പ്രചീനമായ നിരവധി ആരാധനകളും സമ്പ്രദാ യങ്ങളും നടമാടിയിരുന്നതായി ഇന്നും ഇവിടങ്ങളിലെല്ലാം പ്രത്യക്ഷമായി കാണുന്നുണ്ട്. ചരിത്രാന്വേഷികളെ വിസ്മയിപ്പിച്ച കൊട്ടിൽമാടം, കുടക്കല്ല്, തുടങ്ങി കാലത്തിനു മായ്ക്കാൻ കഴിയാത്ത തെളവുകളിലൂടെ ജൈനമതവും ബുദ്ധമതവും ഏല്ലാം ഇവിടെ ഉണ്ടായിരുന്നതായി സ്ഥിതീകരിച്ചിട്ടുമുണ്ട്. കേരള ചരിത്രത്തിന് ഒഴിച്ചുകൂടാൻ കഴിയാത്ത പറയിപെറ്റ പന്തിരുകുലത്തിന്റെ കഥകൾ ഉറങ്ങുന്നത് ഈ തിരുമിറ്റക്കോടിന് ആറേഴു നാഴിക പടിഞ്ഞാറായി നിളയുടെ തീരത്താണ്. വരരുചി എന്ന ബ്രാഹ്മണന് പറയസ്ത്രീയിലായ 12 മക്കളിൽ മൂത്ത സഹോദരനായ മേഴത്തൂർ അഗ്നിഹോത്രി 99 യാഗങ്ങൾ നടത്തിയിരുന്നതും, ഇളയ സഹോദരനായ പാക്കനാരുടെ കുടുംബ പരമ്പരയും, ദേവി നൽകിയ വെള്ളി ശൂലം പ്രതിഷ്ഠി ച്ചിരുന്ന വെള്ളിയാങ്കല്ലും, എല്ലാം പൂർവ്വ കാലത്തിൽ ഇവിടങ്ങ ളിലായിരുന്ന അമാനുഷന്മാരായ മഹാത്മാക്കളുടെ ദിവ്യപഭാവം നിറഞ്ഞ കഥാശേഷിപ്പുകളാണ്.